കൊച്ചി: ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ റിമാൻഡിൽ. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രത്യേക കോടതിയാണ് ശിവശങ്കറിനെ റിമാൻഡ് ചെയ്തത്.
ഒൻപത് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടില്ല. ശിവശങ്കർ ജാമ്യാപേക്ഷ നൽകി. തുടർച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കേസിൽ ശിവശങ്കർ ജാമ്യാപേക്ഷ നൽകി.
നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ എൻഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേർക്കാത്തത്.