ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെ കലൂരിലെ പി എം എൽ എ കോടതിയിൽ ഇന്ന് ഉച്ചയോടെ ഹാജരാക്കും. ഇഡി ആവശ്യപ്പെട്ടതനുസരിച്ച് നാലുദിവസം കൂടി ശിവശങ്കറിനെ കോടതി കസ്റ്റഡിയിൽ വിടുകയായിരുന്നു.കേസിൽ സ്വപ്ന സുരേഷുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ തൻ്റെ തന്നെയെന്ന് എം ശിവശങ്കർ സമ്മതിച്ചതായാണ് സൂചന. ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വ്യാപ്തിയുള്ളതാണ് എന്നാണ് ഇ ഡി കോടതിയിൽ അറിയിച്ചിരുന്നത്. ശിവശങ്കറിൽ നിന്ന് ലഭിച്ചിട്ടുള്ള തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ആണ് കേസിൽ സി എം രവീന്ദ്രനെയും ഇഡി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.