കേപ്ടൗണ്‍: കൂറ്റൻ സ്കോർ പിന്തുടർന്ന് ഇന്ത്യ അഞ്ച് റണ്‍സകലെ വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്ക് മുൻപിൽ വീണു. ഓസ്ട്രേലിയയെ വിറപ്പിക്കാനായെങ്കിലും അവസാന ഓവറിൽ ഇന്ത്യ മത്സരം കൈവിട്ടു. ഇതോടെ തുടര്‍ച്ചയായ ആറാം തവണ ഓസ്ട്രേലിയ ടി20 ലോകകപ്പ് ഫൈനലിലെത്തി. സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 172-4, ഇന്ത്യ 20 ഓവറില്‍ 167-8.
തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ഇന്ത്യൻ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നടത്തിയ പോരാട്ടം വിജയപ്രതീക്ഷ നല്‍കിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ ഇരുവരും മടങ്ങിയതോടെ ഇന്ത്യ പൊരുതി വീണു.
അവസാന അഞ്ചോവറില്‍ 38 റണ്‍സും അവസാന ഓവറില്‍ 16 റണ്‍സുമായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. വാലറ്റത്ത് ദീപ്തി ശര്‍മ(16) പൊരുതിയെങ്കിലും ഓസീസ് കരുത്തിനെ മറികടക്കാനായില്ല.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ബെത്ത് മൂണിയുടെയും മെഗ് ലാനിങിന്റെയും ആഷ്ലി ഗാര്‍ഡ്നറുടെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സടിച്ചു. ഇന്ത്യക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മയും രാധാ യാദവും ഓരോ വിക്കറ്റെടുത്തു.