കേപ്ടൗണ്‍: ഐസിസി ക്രിക്കറ്റ് ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇടം പിടിച്ച് ഇന്ത്യൻ വനിതകൾ. അയർലൻഡിനെ അഞ്ചു റണ്‍സിനു പരാജയപ്പെടുത്തിയാണ് ഇന്ത്യൻ മുന്നേറ്റം.
ഇന്ത്യ ഉയർത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 8.2 ഓവറിൽ 54/2 എന്ന നിലയിൽനിൽക്കേ മഴ കളി മുടക്കി. ഇതേത്തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
56 പന്തിൽ 87 റണ്‍ നേടിയ സ്മൃതി മന്ഥാനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്നാം തവണയാണ് ഇന്ത്യ സെമിയിൽ കടക്കുന്നത്.
നേരത്തെ ടോസ് ലഭിച്ച ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തുടക്കമാണ് ഇന്ത്യയ്ക്ക് ഓപണർമാരായ മന്ഥാനയും ഷെഫാലി വർമയും നൽകിയത്. തകർത്തടിച്ച ഇരുവരും 50 റൺസ് കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റിൽ ഉയർത്തിയത്. ഷെഫാലി 24 റൺസുമായി പുറത്തായെങ്കിലും മന്ഥാന പോരാട്ടം തുടർന്നു.
ഇടയ്ക്ക് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 13 റൺസുമായും വീണു. എന്നാൽ, ജെമീമ റോഡ്രിഗസിനെ കൂട്ടുപിടിച്ച് മന്ഥാന ഇന്ത്യയെ മുന്നോട്ടുനയിച്ചു. ഒടുവിൽ ഒർല പ്രെൻഡെർഗാസ്റ്റിന്റെ പന്തിൽ ഗാബി ലെവിസ് പിടിച്ച് 19-ാം ഓവറിൽ മന്ഥാനയും മടങ്ങി. 56 പന്തിൽ ഒൻപത് ബൗണ്ടറിയും മൂന്നു സിക്സും സഹിതമാണ് താരം 87 റൺസ് അടിച്ചുകൂട്ടിയത്. അവസാന ഓവറുകളിലെ ജെമീമയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്.
അയര്‍ലന്‍ഡിനായി ലോറ ഡെലാനി മൂന്ന് വിക്കറ്റ് വീഴ്ത്തി.