‘വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് സംശയം’; എസ്എഫ്‌ഐ വനിതാ നേതാവിനെ ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ച് വീഴ്ത്തി മർദിച്ചു

 

ഹരിപ്പാട്: എസ്എഫ്ഐ ഏരിയ പ്രസിഡന്റിനെ ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ചു വീഴ്ത്തി മർദ്ദിച്ചതായി പരാതി. കേരള സർവകലാശാല യൂണിയൻ വൈസ് ചെയർപഴ്സൻ കൂടിയായ ചിന്നുവാണ് ആക്രമണത്തിന് ഇരയായത്. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്പാടി ഉണ്ണിയാണ് ആക്രമിച്ചതെന്നാണ് പരാതി. അമ്പാടി ഉണ്ണിക്കെതിരെ ചിന്നു പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് സൂചന.

ഹരിപ്പാട് നാരകത്തറ ജംക്‌ഷനിൽ ഇന്നു വൈകിട്ട് നാലരയോടെയാണ് ചിന്നുവിനെതിരെ ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോൾ ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മർദ്ദിച്ചെന്നാണ് പരാതി. തലയ്ക്ക് ഉൾപ്പെടെ പരുക്കേറ്റ ചിന്നു ചികിത്സയിലാണ്. ഡിവൈഎഫ്ഐയുടെ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഎം കുമാരപുരം ബ്രാഞ്ച് സെക്രട്ടറിയുമാണ് പ്രതിയായ അമ്പാടി ഉണ്ണി.  

 
അമ്പാടി ഉണ്ണിയുടെ വിവാഹ ആലോചന മുടക്കാൻ ശ്രമിച്ചതിന്റെ പ്രതികാരമായായിരുന്നു ആക്രമണം. ചിന്നുവും സുഹൃത്ത് വിഷ്ണുവും അമ്പാടിയുടെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് പെൺവീട്ടുകാരെ അറിയിച്ചിരുന്നു. ഇവർ ഇന്ന് ഉച്ചക്ക് പെൺകുട്ടിയുടെ വീട്ടിലെത്തി. അവിടെ നിന്ന് മടങ്ങിവരും വഴിയാണ് അമ്പാടി ചിന്നുവിനെ ബൈക്കിടിച്ച് വീഴ്ത്തി മർദ്ദിച്ചത്. ചിന്നുവും അമ്പാടിയും തമ്മിൽ അടുത്ത സൗഹൃദം ഉണ്ടായിരുന്നു. വ്യക്തി ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ചിന്നു നേരത്തെ ഡിവൈഎഫ്ഐയ്ക്കും സി പി എം ജില്ലാ കമ്മിറ്റിക്കും  പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഡിവൈഎഫ്ഐ അന്വേഷണ കമീഷൻ അന്വേഷണം നടത്തി വരികയാണ്.