തില്ലങ്കേരി: തില്ലങ്കേരിയിലെ പാർട്ടി എന്നാൽ ആകാശും കൂട്ടരുമാണെന്ന പത്രവാർത്തയെ വിമർശിച്ച് പി ജയരാജൻ. പി ജയരാജൻ തില്ലങ്കേരിയിലേക്ക് എന്ന് ഗോളാന്തര യാത്ര നടത്തിയത് പോലെ വാർത്ത വന്നു. തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്ന് പത്രങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ അങ്ങിനെയല്ല. തില്ലങ്കേരിയിലെ മുഖം തില്ലങ്കേരിയിലെ സിപിഎം നേതാക്കളുടെതാണ്. തില്ലങ്കേരിയിലെ പാർട്ടിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് നേരിടാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും പി ജയരാജൻ പറഞ്ഞു.
‘‘കോൺഗ്രസ് ഭീകരതയെ പ്രതിരോധിച്ച പാർട്ടിയാണു തില്ലങ്കേരിയിലേത്. പി ജയരാജൻ തില്ലങ്കേരിയിലേക്ക് എന്നാണു മാധ്യമങ്ങൾ പറഞ്ഞത്. ഞാൻ പിന്നെ എവിടെയാ പോകേണ്ടത്? 520 പാർട്ടി മെമ്പർമാരാണ് തില്ലങ്കേരിയിലെ പാർട്ടി. അല്ലാതെ ആകാശും കൂട്ടരുമല്ല. ആകാശിനെ പാർട്ടിയിൽനിന്നു പുറത്താക്കിയത് ഞാൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ്. അതിനു മുമ്പും അയാൾക്കെതിരെ ചില കേസുകൾ ഉണ്ടായിരുന്നു.
പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത സംഭവമായിരുന്നു ഷുഹൈബ് വധം. അതുകൊണ്ടുതന്നെ ആ കേസിൽപ്പെട്ട എല്ലാവരെയും പാർട്ടി പുറത്താക്കി. അതിനു മുമ്പ് ആകാശ് കേസിൽപ്പെട്ടത് രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായായിരുന്നു. അന്ന് പാർട്ടി സംരക്ഷിച്ചിട്ടുമുണ്ട്. ആകാശിനെ പുറത്താക്കിയപ്പോൾത്തന്നെ പാർട്ടി നിലപാട് വ്യക്തമാക്കിയാണ്’’ – ജയരാജൻ കൂട്ടിച്ചേർത്തു.
ക്വട്ടേഷൻ സംഘത്തിന്റെ ഒരു സേവനവും ഈ പാർട്ടിക്കു വേണ്ടെന്നും ജയരാജൻ വ്യക്തമാക്കി. ആകാശിന്റെ ഫെയ്സ്ബുക് കമന്റ് വായിച്ചെന്നും ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങൾ പാർട്ടിക്ക് ഒപ്പം നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവർ പല വഴി തേടി പോയില്ല, പാർട്ടി അവരെ സംരക്ഷിച്ചുവെന്നും പാർട്ടി സംരക്ഷിച്ചില്ല എന്ന ആകാശിന്റെ പ്രതികരണത്തോടുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
ആകാശ് തില്ലങ്കേരിയെ തള്ളിപ്പറയുന്ന സിപിഎം പൊതുയോഗത്തിൽ ആകാശിന്റെ അച്ഛൻ വഞ്ഞേരി രവി പങ്കെടുത്തു. ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം ആകാശിനെ ജാമ്യത്തിലിറക്കാൻ കോടതിയിലെത്തിയത്. പാർട്ടി വഞ്ഞേരി ബ്രാഞ്ച് കമ്മിറ്റിയംഗമാണ് രവി.