കൊച്ചി : ഇന്ത്യയിൽ ആദ്യമായി മിനിമലി ഇൻവേസിവ് ലേസർ എനുക്ലിയെഷൻ ഓഫ് ദി പ്രോസ്റ്റേറ്റ് , (മിലപ് ) ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് ആസ്റ്റർ മെഡ്സിറ്റി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പാലാ സ്വദേശിയായ ബേബിച്ചനാണ് (52) ഈ നൂതന ശസ്ത്രക്രിയ്ക്ക് വിധേയനായത്. ആസ്റ്റർ മെഡ്സിറ്റി ലേസർ എൻഡോ യൂറോളജി വിഭാഗം പ്രോഗ്രാം ഡയറക്ടർ ഡോ സന്ദീപ് പ്രഭാകരൻ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ശസ്ത്രക്രിയ പൂർത്തീകരിച്ച് 48മണിക്കൂറിനകം ബേബിച്ചൻ നാട്ടിലേക്ക് മടങ്ങി.
” പ്രോസ്തെറ്റിക് ഗ്രന്ഥി വീക്കമുള്ള ചെറുപ്പക്കാരിലാണ് ഈ സാങ്കേതികവിദ്യ കൂടുതൽ ഉപയോഗപ്രദമാകുന്നത്. മിലപ് മുഖേനയുള്ള ഇന്ത്യയിലെ ആദ്യത്തെ ശസ്ത്രക്രിയ പൂർത്തീകരിക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റി എൻഡോയൂറോളജി വിഭാഗം പ്രോഗ്രാം ഡയക്ടർ ഡോ. സന്ദീപ് പ്രഭാകരൻ പറഞ്ഞു.
വളരെ ചെറിയ എൻഡോസ്കോപിക് ഉപകരണങ്ങളുടെ സഹായത്താൽ ചെയുന്ന അതിനൂതനമായ ലേസർ ശസ്ത്രക്രിയയാണ് മിലപ്. ചെറിയ എൻഡോ സ്കോപിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനാൽ മൂത്രനാളത്തിനും മൂത്രാശയത്തിനും ഉണ്ടാകുന്ന പരിക്കുകൾ കുറവായിരിക്കും. മൂത്രനാളിയിലെ ജന്മനാ ഉള്ള വ്യാസക്കുറവ് ഒരുപാട് രോഗികളിൽ ലേസർ പ്രോസ്റ്റേറ്റ് ശസ്ത്രക്രിയകൾ നടത്തുവാൻ തടസ്സമാകാറുണ്ട്. ഇത്തരം രോഗികളിലും വളരെ സുരക്ഷിതമായും സങ്കീർണതകൾ ഇല്ലാതെയും മിലപ് മുഖേന’ ശസ്ത്രക്രിയ നടത്താം.