ഫിലിപ്പീൻസിൽ ചെറുവിമാനം തകർന്ന് നാല് പേരെ കാണാതായി. ശനിയാഴ്ച ആൽബേ പ്രവിശ്യയിലെ ബികോൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മനിലയിലേക്ക് ടേക്ക് ഓഫ് ചെയ്ത സെസ്ന 340 വിമാനം സജീവ അഗ്നിപർവതമായ മായോനിന് സമീപം അപ്രത്യക്ഷമാവുകയായിരുന്നു. വിമാനം അഗ്നിപർവതത്തിന് സമീപം സമുദ്രനിരപ്പിൽ നിന്ന് 6,000 അടി ഉയരത്തിലാണ് തകർന്നുവീണ് കിടക്കുന്നതെന്ന് ഡ്രോൺ വഴി കണ്ടെത്തി.
വിമാനത്തിലുണ്ടായിരുന്നവർക്കായി ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്താനായില്ല. മോശം കാലാവസ്ഥയും പ്രതികൂലമായി. മനില ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർ ഓസ്ട്രേലിയക്കാരാണ്. അഗ്നിപർവത മുഖത്ത് നിന്ന് 350 ഓളം മീറ്റർ അകലെയാണ് വിമാനാവശിഷ്ടങ്ങളുള്ളത്. അഗ്നിപർവതത്തിൽ സ്ഫോടനമുണ്ടായേക്കുമോ എന്നും ആശങ്കയുണ്ട്.