റിയാദ്: സൗദി അറേബ്യയില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച രാത്രിയോടെ അതിശൈത്യത്തിന് ശമനം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ രാജ്യത്തെ പല പ്രവിശ്യകളിലും അതിശൈത്യം അനുഭവപ്പെട്ടിരുന്നു. തലസ്ഥാനമായ റിയാദില്‍ കഴിഞ്ഞ ആഴ്ച മിത ശീതകാലാവസ്ഥയാണ് അനുഭവപ്പെട്ടത്. എന്നാല്‍ ഇന്നലെ പകല്‍ അന്തരീക്ഷ താപം 19 ഡിഗ്രി സെല്‍ഷ്യസും രാത്രി 14 ഡിഗ്രി സെല്‍ഷ്യസായും താഴ്ന്നു. തിങ്കള്‍ വരെ ശീതകാറ്റ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വടക്കന്‍ പ്രവിശ്യയിലെ തബൂക്ക്, അല്‍ ജൗഫ്, ഹായില്‍ എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ശൈത്യം അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ മഞ്ഞുവീഴ്ചയുളളതിനാല്‍ മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷതാപം കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.