ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 25000 റണ്‍സ് നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി വിരാട് കോലി. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനമാണ് കോലി ചരിത്രമെഴുതിയത്. രണ്ട് ഇന്നിങ്സുകളിലുമായി 64 റണ്‍സെടുത്തതോടെയാണ് കരിയറില്‍ 25000 റണ്‍സെന്ന നേട്ടത്തില്‍ താരമെത്തിയത്.
ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ പേരില്‍ 577 ഇന്നിംഗ്സിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്ക് 549 ഇന്നിംഗ്സുകളേ വേണ്ടിവന്നുള്ളൂ. 588 ഇന്നിംഗ്സുകളില്‍ ക്ലബിലെത്തിയ ഓസീസ് ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്. പട്ടികയില്‍ പിന്നാലെയുള്ള ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിന് നേട്ടത്തിലെത്താന്‍ 594 ഉം ലങ്കന്‍ മുന്‍ താരങ്ങളായ കുമാര്‍ സംഗക്കാരയ്ക്ക് 608 ഉം മഹേള ജയവര്‍ധനെയ്ക്ക് 701 ഉം ഇന്നിംഗ്സുകള്‍ വേണ്ടിവന്നു.
രാജ്യാന്തര ക്രിക്കറ്റില്‍ 106 ടെസ്റ്റുകളും 271 ഏകദിനങ്ങളും 115 ട്വന്റി 20കളുമാണ് വിരാട് കോലി കളിച്ചത്. ടെസ്റ്റില്‍ 27 സെഞ്ചുറികളും ഏഴ് ഇരട്ട സെഞ്ചുറികളുമായി 8195 റണ്‍സ് നേടി. അതേസമയം ഏകദിനത്തില്‍ 46 സെഞ്ചുറികള്‍ നേടിയ കിംഗ് 12809 റണ്‍സ് അടിച്ചുകൂട്ടി. രാജ്യാന്തര ടി20 കരിയറില്‍ ഒരു സെഞ്ചുറിയോടെ 4008 റണ്‍സാണ് വിരാട് കോലി സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 782 ഇന്നിങ്സുകളില്‍ നിന്ന് സച്ചിന് 34,357 റണ്‍സാണ് അടിച്ചെടുത്തത്. പട്ടികയില്‍ ആറാമതാണ് കോലിയുള്ളത്.