കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുറമേ നേരത്തെ രണ്ട് കെ.എസ്.യു പ്രവര്‍ത്തകരെയും യുവമോര്‍ച്ച പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ നിന്നുമായിരുന്നു രണ്ട് കെ.എസ്.യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ സംഘടനകളുടെ കടുത്ത പ്രതിഷേധങ്ങളെത്തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി കോഴിക്കോട്ട് ഒരുദിവസത്തെ പരിപാടിക്കായെത്തിയത്. കോഴിക്കോട്ടെ ഇന്നത്തെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുപ്പിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മീഞ്ചന്ത ഗവണ്മെന്റ് ആര്‍ട്സ് കോളജില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് പൊലീസ് അഴിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനെത്തിയ രണ്ട് കെഎസ്യു നേതാക്കളെ വെസ്റ്റ് ഹില്ലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പിണറായിയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപം തടയാനായി കാത്ത് നില്‍ക്കുകയായിരുന്ന രണ്ട് കെഎസ്യു നേതാക്കളെ വെസ്റ്റ് ഹില്‍ ചുങ്കത്ത് വച്ചാണ് ടൗണ്‍ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് കരിങ്കൊടിയും കെെഎസ്‍യു കൊടിയും പൊലീസ് പിടിച്ചെടുത്തു. കരുതല്‍ തടങ്കലിലെടുത്ത കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ട് വിടി സൂരജ്, ബ്ളോക്ക് പ്രസിഡണ്ട് രാഗിന് എന്നിവരെ വൈകീട്ടോടെ വിട്ടയക്കുമെന്ന് പൊല് അറിയിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ പ്രവര്‍ത്തകരെ അനധികൃതമായി കരുതല്‍ തടങ്കലിലെടുക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എം.പി രംഗത്തെത്തി. മുഖ്യമന്ത്രിക്ക് പൊതുപരിപാടികളുണ്ടെങ്കില്‍ ജനത്തിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും അനധികൃതമായി കരുതല്‍ തടങ്കലിലെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരന് വ്യക്തമാക്കി.