ഡൽഹി മേയർ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. ലഫ്. ഗവർണറും ഭരണ കക്ഷിയായ എ.എ.പിയും തമ്മിലുള്ള ഭിന്നത മൂലമാണ് തെരഞ്ഞെടുപ്പ് നീണ്ടുപോയത്.കഴിഞ്ഞ ദിവസം എ.എ.പിക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. മേയർ തെരഞ്ഞെടുപ്പിൽ ലഫ്റ്റനന്റ് ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അനുമതിയില്ലെന്നായിരുന്നു സുപ്രീംകോടതി വിധി. 24 മണിക്കൂറിനകം മേയറെ തെരഞ്ഞെടുക്കാൻ പുതിയ തീയതി പ്രഖ്യാപിക്കണമെന്നും കോടതി ഉത്തരവിട്ടു.
ആം ആദ്മി പാർട്ടി നേതാവ് ഷെല്ലി ഒബ്റോയ് സമർപ്പിച്ച ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. തുടർന്ന് തെരഞ്ഞെടുപ്പ് നടത്താൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുന്നോട്ടുവെച്ച തീയതി ഗവർണർ അംഗീകരിക്കുകയായിരുന്നു. ഫെബ്രുവരി 22 11ന് മേയർ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.