കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തെ തുടര്‍ന്നുള്ള കരുതല്‍ തടങ്കലിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്. കരുതല്‍ തടങ്കലിനെതിരെ നിയമ നടപടി ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി ഇറങ്ങിയാല്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ യാത്ര പുലിയിറങ്ങിയെന്ന് പറയുന്നതുപോലെയാണെന്നും വിഡി സതീശന് പ്രതികരിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതിപക്ഷ യുവ സംഘടനകളിലെ നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് പൊലീസ് വ്യാപകമായി കരുതല്‍ തടങ്കലിലാക്കിയത്. കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്ത്തകന് ഷബീര്‍ എടയന്നൂരിനെയാണ് മട്ടന്നൂര്‍ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തത്. കീഴല്ലൂര്‍ പഞ്ചായത്ത് മെമ്പറാണ് ഷബീര്‍.
കണ്ണൂരില്‍ സേവാദള്‍ പ്രവര്ത്തകന് സുരേഷ് കുമാറിനെയും പൊലീസ് കരുതല്‍ തടങ്കലിലാക്കി. ഇന്ന് വൈകിട്ട് 4 മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ ആരോഗ്യ വകുപ്പിന്റെ വിവാ കേരളം പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുന്നത്. ഉച്ചയോടെ മട്ടന്നൂര്‍ വിമാനത്താവളത്തില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന മുഖ്യമന്ത്രി റോഡ് മാര്‍ഗമാണ് തലശ്ശേരി എത്തുക. വഴിയില്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചനയിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനെ കരുതല്‍ തടങ്കലില്‍ എടുത്തത്.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയും പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇന്നു രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നാണ് എകെ ഷാനിബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സിആര്‍പിസി വകുപ്പ് 151 പ്രകാരമുള്ള കരുതല്‍ തടങ്കല്‍ ആണെന്നാണ് ചാലിശ്ശേരി പൊലീസിന്റെ വിശദീകരണം.