യു.എ.ഇ.യിൽ സന്ദർശകവിസയിൽ ജോലി ചെയ്താൽ നടപടിയെടുക്കുമെന്ന് ഓർമിപ്പിച്ച് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സ്ഥാപനങ്ങൾ സന്ദർശക വിസയിലുള്ളവരെ ജോലിയിൽ പ്രവേശിപ്പിക്കാനും പാടില്ല. ഇതുസംബന്ധിച്ച് മന്ത്രാലയം വിവിധസ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തൊഴിൽവിസയും സ്ഥാപനംനൽകുന്ന വർക്ക് പെർമിറ്റും ഇല്ലാത്ത ഒരാളെകൊണ്ട് പണിയെടുപ്പിച്ചാൽ തൊഴിലാളിക്കും തൊഴിലുടമയ്ക്കും കനത്തപിഴശിക്ഷയാണ് ലഭിക്കുക. സന്ദർശക വിസയിലെത്തി ജോലിചെയ്യുന്നത് രാജ്യത്ത് നിയമവിരുദ്ധമാണെന്ന് മന്ത്രാലയം വെബ്സൈറ്റിൽ വിശദീകരിച്ചു. ഇതുമായിബന്ധപ്പെട്ട് പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘകർക്കെതിരേ കർശനനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.