സന്തോഷ് ട്രോഫിയിലെ നിർണായക മത്സരത്തിൽ ഒഡിഷയെ പരാജയപ്പെടുത്തതി കേരളം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളത്തിന്റെ ജയം. ഇതോടെ കേരളം സെമി ഫൈനൽ സാധ്യത സജീവമാക്കി. 16-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ട് പെനാൽറ്റിയിലൂടെയാണ് കേരളത്തിനായി ഗോൾ നേടിയത്. വിജയത്തോടെ കേരളം ഏഴ് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
മത്സരം ഇരു ടീമുകൾക്കും നിർണായകമായതിനാൽ ആദ്യ മിനിറ്റുതൊട്ട് കേരളവും ഒഡിഷയും ആക്രമണ ഫുട്ബാളാണ് കളിച്ചത്. കേരള ബോക്സിനുള്ളില്‍ ആതിഥേയര്‍ വെല്ലുവിളി ഉയർത്തിയാണ് മത്സരിച്ചത്. എന്നാല്‍ നീക്കങ്ങളെല്ലാം കേരളം പ്രതിരോധിച്ചു.
മത്സരത്തിന്റെ 15ാം മിനിറ്റില്‍ തന്നെ കേരളത്തിന്റെ വിജയഗോൾ പിറന്നു. കേരളത്തിന്റെ ക്രോസിന് പെനാൽട്ടി ബോക്സിന് അകത്ത് വച്ച് ഒഡീഷ താരം കൈവച്ചതോടെ റഫറി പെനാൽട്ടി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി.
കേരളത്തിനായി കിക്കെടുക്കാനെത്തിയ നിജോ ഗിൽബർട്ടിന് പിഴച്ചില്ല. നിജോ ഗോൾവലകുലുക്കി. ഗോൾവീണതും ഉണർന്നു കളിച്ച ഒഡീഷ കേരളത്തിന്റെ ഗോൾമുഖം ലക്ഷ്യമാക്കി നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല.
രണ്ട് ഗ്രൂപ്പിലെയും ജേതാക്കളും റണ്ണറപ്പുമാണ് സെമി ഫൈനലിലേക്ക് കളിക്കുക. പരാജയത്തോടെ ഒഡീഷ ടൂർണമെന്റിൽ നിന്ന് പുറത്തായി. നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഗ്രൂപ്പിൽ മുന്നിട്ട് നിൽക്കുന്ന പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരം.