മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ സപ്ന ഗില്ലിനെ കോടതി കസ്റ്റഡിയിൽവിട്ടു. തിങ്കളാഴ്ച വരെയാണ് മുംബൈ അന്ധേരി കോടതി കസ്റ്റഡി അനുവദിച്ചത്.
ബുധനാഴ്ച പുലർച്ചെ നടന്ന സംഭവത്തിലാണ് സോഷ്യൽ മിഡിയ ഇൻഫ്ലുവൻസറായ സപ്ന ഗിൽ അറസ്റ്റിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് ഏഴു പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഹോട്ടലിൽവച്ച് സെൽഫിയെടുക്കാൻ വിസമ്മതിച്ചതിനാണ് ഇവർ പൃഥ്വി ഷായെ ആക്രമിച്ചത്. ആദ്യം സെൽഫിയെടുക്കാൻ അനുവദിച്ച പൃഥ്വി ഷാ, സംഘം കൂടുതൽ സെൽഫികളെടുക്കാൻ ശ്രമിച്ചതോടെ മാറിപ്പോവുകയായിരുന്നു. ഇതോടെയാണ് സംഘം അക്രമാസക്തരായത്.
താരത്തിനു നേരെ ബേസ് ബോൾ ബാറ്റുകൊണ്ട് ആക്രമണമുണ്ടായതായും കാറില്‍ പിന്തുടർന്നു ഭീഷണിപ്പെടുത്തിയതായും പൊലീസിനു നൽകിയ പരാതിയിലുണ്ട്. അക്രമികൾ കാറിന്റെ വിൻഡ് ഷീൽഡ് തകർത്തു. 50,000 രൂപ ആവശ്യപ്പെട്ടതായും പൃഥ്വി ഷായുടെ സുഹൃത്തിന്റെ പരാതിയില്‍ പറയുന്നു.
ഇൻസ്റ്റഗ്രാമിൽ മാത്രം ഏതാണ്ട് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സോഷ്യൽ മിഡിയ ഇൻഫ്ലുവൻസറും ഭോജ്പുരി നടിയുമാണ് സപ്ന ഗിൽ. കാശി അമർനാഥ്, നിർഹുവ ചലാൽ ലണ്ടൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ചണ്ഡിഗഡ് സ്വദേശിനിയായ ഗിൽ, നിലവിൽ മുംബൈയിലാണ് സ്ഥിര താമസം. വിഡിയോ പ്ലാറ്റ്ഫോമായ ജോഷ്, സ്നാപ്ചാറ്റ്, യുട്യൂബ് തുടങ്ങിയവയിലെല്ലാം സജീവമായിട്ടുള്ള വ്യക്തി കൂടിയാണ് ഗിൽ.