തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർക്കുള്ള ശമ്പളം ഗഡുക്കളായി നൽകുമെന്ന ഉത്തരവുമായി സി.എം.ഡി. ബിജു പ്രഭാകർ. ആദ്യ ഗഡു അഞ്ചാം തിയതിക്ക് കൊടുക്കും. ബാക്കി തുക സർക്കാർ ഫണ്ട് കിട്ടുന്ന മുറയ്ക്ക് നൽകും. ഗഡുക്കളായി ശമ്പളം വേണ്ടാ എന്നുള്ളവർ ഈ മാസം 25 ന് മുമ്പ് രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
മുഴുവൻ ശമ്പളവും ഒന്നിച്ചു വേണ്ടവർ സർക്കാർ സഹായം ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നും മാനേജ്മെന്റ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, ടാര്‍ഗറ്റ് അടിസ്ഥാനത്തില്‍ ശമ്പളം നല്‍കാനുള്ള കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിന്റെ നിലപാട് അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് എഐവൈഫ് പറഞ്ഞു. മുതലാളിത്തം മുന്നോട്ട് വെയ്ക്കുന്ന നയങ്ങള്‍ നടപ്പിലാക്കാനുള്ള ബിജു പ്രഭാകറിന്റെ നീക്കം ഇടത് സര്‍ക്കാര്‍ അംഗീകരിക്കരുതെന്നും നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
തൊഴിലാളി വിരുദ്ധ നയങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് പിന്തിരിയണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ തൊഴിലാളികളെ പിന്തുണച്ച് എഐവൈഎഫ് സമരത്തിലേക്ക് നീങ്ങുമെന്ന് സംസ്ഥാന പ്രഡിഡന്റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്മോനും പ്രസ്താവനയില്‍ വ്യക്തമാക്കി.
കെഎസ്ആർടിസിയിലെ ടാർഗറ്റ് സമ്പ്രദായം മാനേജ്മെന്റ് നിർദേശമെന്നാവർത്തിച്ച് ആണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സർക്കാർ തലത്തിൽ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കാൻ മാനേജ്മെന്റ് എടുത്ത തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടിക്കോളൂ എന്ന് കെ.എസ്.ആര്.ടി.സി.യോട് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്ജിയിന്മേലായിരുന്നു കോടതിയുടെ ഇടപെടല്‍.
ജീവനക്കാര്‍ക്ക് എന്ന് ശമ്പളം നല്‍കുമെന്ന കോടതിയുടെ ചോദ്യത്തിന്, ബുധനാഴ്ചക്കകം ശമ്പളം നല്‍കാമെന്ന് കെ.എസ്.ആര്.ടി.സി. മാനേജ്മെന്റ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനവുമായി മാനേജ്മെന്റ് രംഗത്തെത്തിയിരിക്കുന്നത്.