മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ സഞ്ചരിച്ച കാറിനു നേരെ ആക്രമണം. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിനുപുറത്ത് സുഹൃത്തിന്റെ കാറിൽ സഞ്ചരിക്കവെയാണ് സംഭവം. ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കാൻ വിസമ്മതിച്ചതാണ് പ്രകോപന കാരണം. സംഭവത്തിൽ എട്ട് പേർക്കെതിരെ ഒഷിവാര പോലീസ് കേസെടുത്തു.
സാന്താക്രൂസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അത്താഴം കഴിക്കാൻ പോയ പൃഥ്വി ഷായെ അജ്ഞാതർ സമീപിച്ച് സെൽഫി ആവശ്യപ്പെടുകയായിരുന്നു. ഷാ രണ്ട് പേർക്കൊപ്പം സെൽഫിയെടുത്തു.
എന്നാൽ അതേസംഘം മടങ്ങിയെത്തിയ മറ്റ് പ്രതികൾക്കൊപ്പം സെൽഫിയെടുക്കാൻ ആവശ്യപ്പെട്ടു. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞ് ഷാ ഇവരെ പിന്തിരിപ്പിച്ചു.
കൂടുതൽ നിർബന്ധിച്ചപ്പോൾ പൃഥ്വിയുടെ സുഹൃത്ത് ഹോട്ടൽ മാനേജരെ വിളിച്ച് പരാതി അറയിച്ചു. പിന്നാലെ സംഘത്തോട് ഹോട്ടൽ വിടാൻ മാനേജർ ആവശ്യപ്പെട്ടു.
പൃഥ്വി ഷാ ഹോട്ടലിൽനിന്ന് പുറത്തിറങ്ങിയതോടെ ബേസ് ബോൾ ബാറ്റുമായി കാത്തിരുന്ന എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. താരവും സുഹൃത്തും കാറിൽ രക്ഷപ്പെട്ടപ്പോൾ, പിന്തുടർന്ന അക്രമികൾ ട്രാഫിക് സിഗ്നലിൽവച്ച് കാറിന്റെ വിൻഡ്ഷീൽഡ് തല്ലിത്തകർത്തെന്നും പരാതിയിലുണ്ട്. അക്രമത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ശോഭിത് ഠാക്കൂർ, സപ്ന ഗിൽ എന്നിവരാണു താരത്തെ ആദ്യം ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുംബൈ ഒഷിവാരയിലെ ആഡംബര ഹോട്ടലിൽ വച്ചാണ് തർക്കം തുടങ്ങിയതെന്നാണു വിവരം.
പൊലീസിൽ കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. എന്നാൽ പൃഥ്വി ഷാ യുവതിയെ ആക്രമിച്ചെന്ന് സപ്ന ഗില്ലിന്റെ അഭിഭാഷകൻ അലി കാഷിഫ് ഖാൻ ആരോപിച്ചു. സപ്ന ഗില്ലിനെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതായും ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിച്ചില്ലെന്നും അഭിഭാഷകൻ പരാതി ഉന്നയിച്ചു.
അതേസമയം, ഒന്നം സംഭവിച്ചിട്ടില്ലെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും പൃഥ്വി ‘ടൈംസ് നൗ’വിനോട് പ്രതികരിച്ചു. അവരാണ് ആക്രമിച്ചതെന്നും കൂടുതൽ പറയാനില്ലെന്നും താരം കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാമിലടക്കം ഇൻഫ്ളുവൻസറായി അറിയപ്പെടുന്ന താരമാണ് പരാതിക്കാരിയായ സപ്ന ഗില്ലെന്ന് റിപ്പോർട്ടുണ്ട്.