തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് ശശി തരൂർ എംപി. എന്നാൽ താൻ മത്സരിക്കാനില്ല. മറ്റുള്ളവർ മുന്നോട്ട് വരട്ടെയെന്നും തരൂർ വ്യക്തമാക്കി.
പാർട്ടിയുടെ ആരോഗ്യത്തിന് തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നും തരൂർ കൂട്ടിച്ചേർത്തു. അതേസമയം തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളത്തില്‍ നിന്നുള്ള ചില എംപിമാര്‍ നേതൃത്വത്തോടാവശ്യപ്പെട്ടിട്ടുണ്ട്.
‘‘തിരഞ്ഞെടുപ്പുകൾ പാർട്ടിക്ക് നല്ലതാണെന്ന കാര്യം ഞാനുയർത്തി. ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. ഇനിയും എന്താണ് ചെയ്യേണ്ടതെന്ന് പാർട്ടിയോടു പറയേണ്ടത് എന്റെ കടമയായി തോന്നുന്നില്ല. ഓരോ സമയത്തും എടുക്കേണ്ട നടപടികൾ അവർ എടുക്കട്ടെ. പാർട്ടി എന്തു നിലപാടെടുത്താലും ഒപ്പമുണ്ട്’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 24 മുതൽ 28 വരെ റായ്പുരിൽ വച്ചു ചേരുന്ന പ്ലീനറി സമ്മേളനമാണ് പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പ് വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അതിനിടെ, കേരളത്തിൽനിന്നുള്ള കെ. മുരളീധരൻ, ബെന്നി ബെഹനാൻ, എം.കെ. രാഘവൻ എന്നീ നേതാക്കൾ കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. സിഡബ്ല്യുസിയിലേക്ക് തരൂരിനെ നാമനിർദേശം ചെയ്യണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആലോചന തുടങ്ങിയില്ലെന്നാണ് ഖർഗെ കേരളത്തിലെ എംപിമാരോട് അറിയിച്ചത്. തരൂർ മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് ഖർഗെ പറഞ്ഞിരുന്നു.