പനാമയിൽ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നവജാതശിശുക്കളടക്കം 39 മരണം .ദക്ഷിണ പനാമയിലെ ഡാരിയൻ ഗ്യാപ്പിലാണ് അപകടം സംഭവിച്ചത്. രാജ്യത്തിന്റെ വടക്കേ അതിർത്തിയിൽ, കോസ്റ്റ റിക്കയ്ക്ക് സമീപത്തുള്ള ക്യാമ്പിലേക്ക് 66 അഭയാർഥികളുമായി സഞ്ചരിക്കുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
പനാമയിൽ എത്തുന്ന അഭയാർഥികളെ ഗ്വാലക പട്ടണത്തിലുള്ള ക്യാമ്പിലേക്ക് മാറ്റുന്നത് പതിവാണ്. ഇതിനായി സർക്കാർ ഏർപ്പാടാക്കിയ ബസാണ് അപകടത്തിൽപ്പെട്ടത്. വന്യമൃഗങ്ങളും കൊടുംവളവുകളും നിറഞ്ഞ അതീവ ദുർഘടമായ ഡാരിയൻ ഗ്യാപ്പിൽ വച്ച് വഴിതെറ്റിയ ഡ്രൈവർ, ബസ് തിരിക്കാനായി ശ്രമിക്കവേയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ വാഹനം താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു.മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.