ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ പാറക്കുളത്തിൽ വീണ് മുത്തശ്ശിയും കൊച്ചുമക്കളും മുങ്ങി മരിച്ചു. വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കൊമ്പൊടിഞ്ഞാൽ സ്വദേശി എൽസമ്മ (55), കൊച്ചുമക്കളായ ആൻ മരിയ (8), അമേയ (4)എന്നിവരാണ് മരിച്ചത്.
വൈകുന്നേരത്തോടു കൂടിയായിരുന്നു സംഭവം. തുണി അലക്കാനാണ് ഇവർ പാറക്കുളത്തിലേക്ക് പോയത്. കുട്ടികൾ രണ്ടുപേരും ചേർന്ന് മുത്തശ്ശിക്ക് വെള്ളം കോരിക്കൊടുക്കുകയായിരുന്നു. ഇതിനിടെ ഇളയ കുട്ടിയെ വെള്ളത്തിൽ കാണാതാവുകയായിരുന്നു. കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരെ വിളിക്കാൻ വേണ്ടി മറ്റേകുട്ടിയെ സ്ഥലത്ത് നിർത്തി മുത്തശ്ശി പോവുകയായിരുന്നു. തിരികെ എത്തിയപ്പോൾ ആ കുട്ടിയേയും കാണാതായതോടെ മുത്തശ്ശി വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.
ഏറെ വൈകിയും കുളത്തിലേക്ക് പോയ ഇവരെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ മ്യതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.