ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനിൽ ഇന്ധനവില കത്തിക്കയറുന്നു. വ്യാഴാഴ്ച മുതൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 32 രൂപ വർധിക്കാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 16 മുതൽ പുതിയ നിരക്ക് നിലവിൽ വരും.
പെട്രോളിന് 12.8 ശതമാനമാണ് ഒറ്റയടിക്കു കൂട്ടുന്നത്. ഇതോടെ, പെട്രോൾ ലീറ്ററിന് 250ൽനിന്ന് 282 രൂപയാകും. ഡീസലിന് 12.5 ശതമാനം കൂട്ടുന്നതോടെ ലീറ്ററിന് വില 262.8ൽനിന്ന് 295.64 രൂപയാകും. മണ്ണെണ്ണവിലയിലും വർധനയുണ്ട്, 14.8 ശതമാനം. പുതുക്കിയ വില ലീറ്ററിന് 217.88 രൂപ.
കറൻസിയുടെ മൂല്യം ഗണ്യമായ ഇടിഞ്ഞതും എണ്ണ ഇറക്കുമതിച്ചെലവ് വർധിച്ചതും കാരണം പാക്കിസ്ഥാനിൽ പെട്രോൾ, ഡീസൽ വില കുറച്ചുകാലമായി കുതിച്ചുയരുകയാണ്. ഫെബ്രുവരി ഒന്ന് മുതൽ ഫെബ്രുവരി 15 വരെ പെട്രോൾ, ഡീസൽ വില ലിറ്ററിന് 35 രൂപ വീതം നേരത്തെ സർക്കാർ വർധിപ്പിച്ചിരുന്നു. പാൽ, പച്ചക്കറി, മാംസം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കും രാജ്യത്തു വലിയ വിലക്കയറ്റമാണ്.