ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യ ഒന്നാമത്. ബോർഡർ-ഗവാസ്കർ ട്രോഫിക്ക് കീഴിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ തകർപ്പൻ വിജയം നേടിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ചരിത്ര നേട്ടം. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് മൂന്ന് ഫോര്‍മാറ്റിലും ടീം ഒരേസമയം ഒന്നാമതെത്തുന്നത്. രോഹിത് ശർമ്മയുടെയും ഹാർദിക് പാണ്ഡ്യയുടെയും സംയുക്ത നായകത്വത്തിന് കീഴിലാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.
ടെസ്റ്റിലായിരുന്നു ഇന്ത്യ രണ്ടാം റാങ്കില്‍ തുടര്‍ന്നിരുന്നത്. ഓസ്ട്രേലിയക്കെതിരായ ജയത്തോടെയാണ് ഇന്ത്യക്ക് മുന്നേറ്റമുണ്ടായത്. ടെസ്റ്റിൽ 115 പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടാം സ്ഥനാനത്തുള്ള ആസ്ട്രേലിയയേക്കാളും നാല് പോയിന്റ് മുന്നിൽ.
മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 106 പോയിന്റാണുള്ളത്. അതേസമയം ഈ പോയിന്റ് മെച്ചപ്പെടുത്താൻ ഇംഗ്ലണ്ടിന് അവസരമുണ്ട്. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകും. നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യയെ ഉജ്വല വിജയത്തിലെത്തിച്ച രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജക്കും വ്യക്തിഗത റാങ്കിങിലും നേട്ടമായി. രണ്ട് സ്പിന്നർമാരും ചേർന്ന് 15 വിക്കറ്റുകളാണ് വീഴ്ത്തിയത്. ടെസ്റ്റ് ബൗളിങിൽ 865 റേറ്റിങുമായി ആസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ആണ് ഒന്നാം സ്ഥാനത്ത്. 846 റേറ്റിങുമായി രണ്ടാം സ്ഥാനത്താണ് രവിചന്ദ്ര അശ്വിൻ.
ഏകദിന ഫോര്‍മാറ്റില്‍ 114 ആണ് ഇന്ത്യയുടെ റേറ്റിങ്. ഇവിടെയും ആസ്ട്രേലിയ തന്നെയാണ് രണ്ടാം റാങ്കില്‍. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, പാകിസ്താന് എന്നീ ടീമുകള്‍ മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍ നില്ക്കുന്നു. ട്വന്റി 20യില്‍ വെറും ഒരു റേറ്റിങ്ങിന്റെ ബലമാണ് ഇന്ത്യയ്ക്കുള്ളത്. 267 ആണ് ഇന്ത്യയുടെ റേറ്റിങ്. രണ്ടാമതുള്ള ഇംഗ്ലണ്ടിന് 266 റേറ്റിങ്ങുണ്ട്. പാകിസ്താന്, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എന്നീ ടീമുകളാണ് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുള്ളത്.
ബോർഡർ-ഗവാസ്കർ ട്രോഫിക്ക് കീഴിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ ടീം നിലവിൽ നാല് ടെസ്റ്റുകളുടെ പരമ്പര കളിക്കുകയാണ്. അതിൽ ഇന്ത്യ ആദ്യ മത്സരത്തിൽ വിജയിച്ചു. ഈ പരമ്പര ഇന്ത്യ ജയിക്കുകയോ ഓസ്ട്രേലിയയെ ക്ലീൻ സ്വീപ്പ് ചെയ്യുകയോ ചെയ്താൽ ഇന്ത്യൻ ടീം ടെസ്റ്റ് റാങ്കിംഗിൽ ബഹുദൂരം മുന്നിലെത്തും.