ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. ജില്ല ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ശേഷമാകും കോടതിക്ക് മുൻപിലെത്തിക്കുക. ഇന്നലെ രാത്രിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
ഇഡിയുടെ കൊച്ചി ഓഫിസിൽ വെള്ളി ,തിങ്കൾ,ചൊവ്വ ദിവസങ്ങളിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.
കഴിഞ്ഞ മൂന്നു ദിവസമായി തുടർന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്നലെ രാത്രി 11.45ഓടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യു.എ.ഇയുടെ സഹായത്തോടെ നിർധനർക്കായി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള കരാർ യൂണിടാക്കിന് കിട്ടാൻ കോഴ വാങ്ങി എന്നതാണ് കേസ്. കരാർ ലഭിക്കാൻ, 4.48 ലക്ഷം രൂപ കോഴയായി നൽകിയെന്ന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു.