കാന്താര സിനിമയിലെ ‘വരാഹരൂപം’ ഗാനം തങ്ങളുടെ സ്വന്തം വർക്ക് തന്നെയെന്ന് ആവർത്തിച്ച് സംവിധായകൻ ഋഷഭ് ഷെട്ടി. ഗാനത്തിന്‍റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായതിനു പിന്നാലെയായിരുന്നു പ്രതികരണം. “വരാഹരൂപം ഞങ്ങളുടെ ഒറിജിനൽ കോമ്പോസിഷൻ തന്നെയാണെന്നും ബാക്കി കോടതി തീരുമാനിക്കുമെന്നും ഋഷഭ് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് സ്വാഭാവിക നടപടിക്രമങ്ങൾ മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ചിത്രത്തിന് ലഭിച്ച പിന്തുക്ക് നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു.
ഋഷഭ് ഷെട്ടിയെ കൂടാതെ നിർമാതാവ് വിജയ് കിരഗന്ദൂർ എന്നിവരാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിനായി എത്തിയത്. തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ ഗാനത്തിന്റെ പകർപ്പാണ് വരാഹരൂപമെന്ന് ചൂണ്ടിക്കാട്ടി മാതൃഭൂമിയും തൈക്കൂടം ബ്രിഡ്ജും നൽകിയ പരാതിയിലായിരുന്നു ചോദ്യംചെയ്യൽ. ഇന്നും നാളെയും ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് കാന്താരയുടെ സംവിധായകനും നിർമാതാവിനും കേരള ഹൈക്കോടതി നൽകിയ നിർദ്ദേശം. കോഴിക്കോട് ഡി.സി.പി ബൈജുവാണ് ഇവരെ ചോദ്യംചെയ്തത്. നാളെയും ഇരുവരും ഹാജരാകണം.
കേസിൽ ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തി കാന്താര സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ പകർപ്പവാകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസിൽ അന്വേഷണം തുടരാൻ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുകയും ചെയ്തു.
















