കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻറെ പൊലീസ് അകമ്പടിവാഹനം അമിത വേഗതയിൽ പോയ സംഭവത്തിൽ റിപ്പോർട്ട് തേടി പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയിൽ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ്എച്ച്ഒ യോട് റിപ്പോർട്ട് തേടിയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോള്‍ മജിസ്ട്രേറ്റിന്റെ വാഹനവും സമീപത്തുണ്ടായിരുന്നു. അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ കടന്നുപോയതില്‍ മജിസ്ട്രേറ്റിന് അതൃപ്തിയുണ്ടായിരുന്നു. സാധാരണക്കാരനും റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി ചോദിച്ചു.
ഈ വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് 17 ന് മുൻപ് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.