തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ജനത്തെ ബന്ദിയാക്കുന്ന ശല്യക്കാരനെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഊരിപ്പിടിച്ച വടിവാളും ഇന്ദ്രചന്ദ്രനുമെന്നൊക്കെ സ്വന്തം അണികളെ സുഖിപ്പിക്കാന്‍ മൈക്കിനു മുന്നില്‍ വീരവാദം വിളമ്പുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാൻ പോലീസ് അകമ്പടിയില്ലാതെ കഴിയില്ലെന്ന് സുധാകരൻ പരിഹസിച്ചു.
കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാൻ പിണറായി വിജയന് ശേഷിയില്ല. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി കശാപ്പ് ചെയ്യുന്നു. നിഴലിനെപ്പോലും ഇത്രയും ഭയക്കുന്ന പേടിത്തൊണ്ടനായ ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ലെന്നും സുധാകരൻ പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ പൊതു പരിപാടിയുണ്ടെങ്കില്‍ പ്രദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സമ്മേളനം നടത്താനോ കറുപ്പ് വസ്ത്രമിടാനോ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍. അടിയന്തരാവസ്ഥ കാലത്ത് പോലും കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നിലവിലെ പോലീസ് നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരെ ഭയന്നാണ് മുഖ്യമന്ത്രി 40 വണ്ടികളുടെ അകമ്പടിയില്‍ യാത്ര ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചോദിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നികുതിക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിലാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ സ്വാഭാവികമായും പ്രതിഷേധിക്കുമെന്നും വി.ഡി സതീശന് പറഞ്ഞു. കരുതല്‍ തടങ്കല്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.