തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. മുന്‍ ഫൊറന്‍സിക് സര്ജന് ആത്മഹത്യ സാധ്യത തള്ളാത്ത സാഹചര്യത്തിലാണ് നടപടി.
നയനയുടെ മരണകാരണം കഴുത്തിനേറ്റ ക്ഷതമാണെന്നും കഴുത്തില്‍ ഉരഞ്ഞ പാടുകളുണ്ടായിരുന്നുവെന്നും മൃതദേഹത്തിന്റെ സമീപം കണ്ടെത്തിയ പുതപ്പ് ഉപയോഗിച്ച് ഈ പാടുകള്‍ ഉണ്ടാക്കാമെന്നും ഫൊറന്‍സിക് സര്ജന് ഡോ.ശശികല ക്രൈംബ്രാഞ്ചിന് മൊഴി നല്കി. നയനയെ മരിച്ചനിലയില്‍ കണ്ടെത്തിയ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നുവെന്ന് സംശയിക്കുന്നതായും മൊഴിയില്‍ പറയുന്നു.
2019 ഫെബ്രുവരി 23ന് രാത്രിയാണ് തിരുവനന്തപുരം ആല്‍ത്തറ ജംഗ്ഷനിലെ വാടക വീട്ടില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ മ്യൂസിയം പൊലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. തെളിയിക്കപ്പെട്ടാത്ത കേസായി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദുരൂഹതയേറിയത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് ഡിസിആര്‍ബി അസി.കമ്മീഷണറുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു.