കേപ്ടൗൺ: വനിതാ ട്വന്റി – 20 ലോകപ്പിലെ ആവേശപ്പോരിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. പാക്കിസ്ഥാൻ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഒരോവർ ബാക്കി നിൽക്കെ വിജയതീരമണിഞ്ഞു.
അർധശതകവുമായി മുന്നിൽ നിന്ന് നയിച്ച ജമീമ റോഡ്രിഗസാണ് കളിയിലെ താരം. റോഡ്രിഗസ് 38 പന്തിൽ 53 റൺസാണ് നേടിയത്. 24 പന്തിൽ 41 റൺസ് എന്ന വിജയസമവാക്യത്തെ അവസാന ഓവറുകളിൽ നേടിയ തുടർ ബൗണ്ടറികളിലൂടെ ബാറ്റർമാർ മറികടന്നതോടെയാണ് അയൽപ്പോരിൽ ഇന്ത്യ ജയം സ്വന്തമാക്കിയത്.
150 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. പരിക്കേറ്റ സ്മൃതി മന്ദാനയുടെ അഭാവത്തിൽ യാസ്തിക ഭാട്ടിയയാണ് ഷെഫാലി വർമയ്ക്കൊപ്പം ഇന്നിങ്സ് ഓപൺ ചെയ്തത്. യാസ്തിക 20 പന്തിൽ 17 റൺസുമായും ഷെഫാലി 25 പന്തിൽ 33 റൺസുമായും മടങ്ങിയെങ്കിലും ജെമീമ ഇന്ത്യൻ കപ്പൽ ഉലയാതെ കാത്തു.
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 16 റൺസെടുത്ത് പുറത്തായെങ്കിലും റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ജെമീമ ദൗത്യം പൂർത്തിയാക്കി. ഇന്ത്യൻ ഇന്നിങ്സിൽ ഒറ്റ സിക്സറും പിറന്നില്ലെങ്കിലും ഒരു ഓവർ ബാക്കിയാക്കി ജെമീമയും റിച്ചയും ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ജെമീമ 38 പന്തിൽ എട്ട് ബൗണ്ടറിയുമായി 53* റൺസുമായി ഇന്ത്യയുടെ വിജയശിൽപിയായി. റിച്ച 20 പന്തിൽ അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 31 റൺസുമായും ജെമീമയ്ക്ക് ഉറച്ച പിന്തുണയും നൽകി.
പാക് ബൗളർമാരിൽ നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് കൊയ്ത നശ്ര സന്ധുവാണ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയത്. നാല് ഓവറിൽ 25 റൺസ് മാത്രം വിട്ടുനൽകി സാദിയ ഇഖ്ബാൽ ഒരു വിക്കറ്റും സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് ഓപ്പണർമാരെ വേഗം നഷ്ടമായെങ്കിലും ക്യാപ്റ്റൻ ബിസ്മ മഹ്റൂഫ്, ആയിഷ നസീം എന്നിവർ സ്കോർ ഉയർത്തി. മഹ്റൂഫ് 55 പന്തിൽ 68 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ നസീം 43* റൺസാണ് ടീമിനായി കൂട്ടിച്ചേർത്തത്.
ഇന്ത്യയ്ക്ക് വേണ്ടി രാധാ യാദവ് നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. ദീപ്തി ശര്‍മ, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ജയത്തോടെ ഗ്രൂപ്പ് രണ്ടിൽ രണ്ടാം സ്ഥാനത്തേക്ക് എത്താൻ ഇന്ത്യക്ക് സാധിച്ചു. ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ഇന്ത്യയുടേതിന് സമാനമായി രണ്ട് പോയിന്റാണ് ഉള്ളതെങ്കിലും റൺനിരക്കിൽ ഇംഗ്ലിഷ് ടീം(+2.767) മുന്നിലെത്തി. ഇന്ത്യയുടെ റൺനിരക്ക് +0.497 ആണ്.