ന്യൂഡൽഹി: ജസ്റ്റിസ് അബ്ദുൾ നസീറിന്റെ ഗവർണർ നിയമനത്തിനെതിരെ കോൺഗ്രസ്. അബ്ദുൾ നസീറിന്റെ നിയമനം ജുഡീഷ്യറിക്ക് ഭീഷണിയാണെന്നും തെറ്റായ സമീപനമാണെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു. മുൻ ബിജെപി നേതാവും മുൻ നിയമ- ധനകാര്യവകുപ്പ് മന്ത്രിയുമായ അരുൺ ജെയ്റ്റ്ലിയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അന്തരിച്ച ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി 2012ൽ നടത്തിയ പ്രസ്താന ചൂണ്ടിക്കാട്ടിയായിരുന്നു സിങ്വിയുടെ വിമർശനം. വിരമിക്കുന്നതിന് മുമ്പുള്ള ജഡ്ജിമാരുടെ വിധിന്യായങ്ങൾക്ക് വിരമിക്കലിന് ശേഷമുള്ള ജോലികളിൽ സ്വാധീനമുണ്ടാകുമെന്നും അത് ജുഡീഷ്യറിക്ക് ഭീഷണിയാണെന്നുമായിരുന്നു ജയ്റ്റ്ലി പറഞ്ഞത്.
‘ഇത് ഒരു വ്യക്തിക്കെതിരെ മാത്രമുള്ളതല്ല, എനിക്ക് അദ്ദേഹത്തെ അടുത്തറിയാം. എന്നാൽ, ജഡ്ജിമാർക്ക് റിട്ടയർമെന്റിന് ശേഷം നിയമനം നൽകുന്നതിന് സാങ്കേതികമായി ഞങ്ങൾ എതിരാണ്. നേരത്തെ ഇത്തരത്തിൽ നിയമിച്ചിട്ടുണ്ട് എന്ന ബിജെപിയുടെ പ്രതിരോധം ഒരു ന്യായീകരണമല്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.
ജസ്റ്റിൽ അബ്ദുൽ നസീറിനെ നിയമിച്ചതിനെതിരെ സി.പി.എമ്മും രംഗത്തെത്തിയിരുന്നു. ജഡ്ജിമാർ വിരമിച്ച് ഒരു മാസം പോലും തികയുന്നതിന് മുമ്പാണ് പുതിയ പദവികളിൽ നിയമിക്കുന്നതെന്ന് പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു. കേന്ദ്രസർക്കാർ ഇന്ത്യൻ ജുഡീഷ്യറിയെ പരിഹസിക്കുകയാണെന്നും ബൃന്ദ പറഞ്ഞു.
ജസ്റ്റിസ് അബ്ദുൽ നസീറിന് ലഭിച്ചിരിക്കുന്ന ഗവർണർ പദവി ഭരണഘടനാ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്ന് എ.എ റഹീം എം.പി പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിൽ സംഘപരിവാർ അഭിഭാഷക സംഘടനയുടെ ചടങ്ങിൽ പങ്കെടുത്ത മുൻ ജഡ്ജിയുടെ നിയമനം അപലപനീയമാണ്. കേന്ദ്രം വാഗ്ദാനം ചെയ്ത പുതിയ പദവി അബ്ദുൽ നസീർ നിരസിക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
ആന്ധ്രാപ്രദേശിന്റെ നിയുക്ത ഗവര്‍ണറായ ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍, സുപ്രധാനമായ പല കേസുകളിലും വിധി പ്രസ്താവിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചുകളിലെ അംഗമായിരുന്നു. അയോധ്യ തര്‍ക്ക ഭൂമി, നോട്ട് അസാധുവാക്കലിന്റെ നിയമ സാധുത, മുത്തലാഖ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു അദ്ദേഹം.
കേരളത്തിലെ മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്ഷന് സ്കീമിനെ തുറന്ന കോടതിയില്‍ വിമര്‍ശിച്ച ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ആര്‍എസ്എസിന്റെ അഭിഭാഷക സംഘടന സംഘടിപ്പിച്ച വേദിയില്‍ പ്രസംഗിച്ചതും വലിയ ചര്‍ച്ചയായിരുന്നു.