തൃശൂര്‍: ചാവക്കാട് മണത്തലയില്‍ കടയുടെ ചില്ലുവാതിലില്‍ തലയിടിച്ച് വീണയാള്‍ മരിച്ചു. മണത്തല സ്വദേശി ടിവി ഉസ്മാന് ഹാജി(84 ) ആണ് മരിച്ചത്.
ഡ്രൈഫ്രൂട്ട്സ് വാങ്ങാനായി കടയില്‍ എത്തിയതായിരുന്നു ഉസ്മാന് ഹാജി. ചില്ലുവാതില്‍ ആണെന്ന് അറിയാതെ വേഗത്തില്‍ കടയിലേക്കു കയറി. ഡോറില്‍ തലയിടിച്ച ഉടനെ തെറിച്ച് മലര്‍ന്നടിച്ചു വീഴുകയായിരുന്നു. വീഴ്ചയില്‍ തലയുടെ പിന്നില്‍ ആഴത്തില്‍ മുറിവേറ്റു. ഉടനെ കടയിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ചാവക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ് മരിച്ച ഉസ്മാന് ഹാജി.