ന്യൂ ഡല്‍ഹി: രാജ്യത്ത് 13 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മഹാരാഷ്ട്ര ഗവര്‍ണറായി നിലവിലെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബയ്സിനെയാണ് നിയമിച്ചത്. മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനത്തു നിന്നൊഴിയാന്‍ ഇപ്പോഴത്തെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.
അയോധ്യ കേസില്‍ അനുകൂല വിധി പറഞ്ഞ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായും നിയമിച്ചു. അയോദ്ധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബഞ്ചിലെ അംഗമായിരുന്ന അബ്ദുള്‍ നസീര്‍. കൂടാതെ മുത്തലാക്കിനെതിരെ വിധിപറഞ്ഞ സുപ്രീംകോടതി ബെഞ്ചിലും അംഗമായിരുന്നു. ദക്ഷിണ കന്നഡ സ്വദേശിയാണ്.
അതേസമയം, സി പി രാധാകൃഷ്ണനെ ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിച്ചു. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയായ സി.പി. രാധാകൃഷ്ണന് 1998 മുതല്‍ 2004 വരെ കോയമ്ബത്തൂരില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു. ബിജെപി കേരള ഘടകത്തിന്റെ പ്രഭാരിയായും ചുമതല വഹിച്ചിട്ടുണ്ട്. ലഫ്. ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക് അരുണാചല്‍ പ്രദേശില്‍ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ഗുലാം ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചല്‍പ്രദേശിലും ഗവര്‍ണര്‍മാരാകും. അരുണാചല്‍പ്രദേശ് ഗവര്‍ണറായ ബ്രിഗേഡിയര്‍ ബി.ഡി.മിശ്രയെ ലഡാക്ക് ലഫ്. ഗവര്‍ണറാക്കി. റിട്ട. ജസ്റ്റിസ് എസ്.അബ്ദുല്‍ നസീറിനെ ആന്ധ്രയുടെയും ലക്ഷ്മണ് പ്രസാദ് ആചാര്യയെ സിക്കിമിന്റെ ഗവര്‍ണറായും നിയമിച്ചു.
ഹിമാചല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് ബിഹാര്‍ ഗവര്‍ണര്‍. ഛത്തീസ്ഗഡ് ഗവര്‍ണറായിരുന്ന അനുസൂയ ഉയിക്യെയെ മണിപ്പുര്‍ ഗവര്‍ണറാകും. മണിപ്പുര്‍ ഗവര്‍ണര്‍ ലാ. ഗണേശനെ നാഗാലാന്‍ഡില്‍ നിയമിച്ചു. ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാനെ മേഘാലയയിലേക്കും മാറ്റി.