കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വിളിച്ചു വരുത്തി ഹൈക്കോടതി. വിജ്ഞാപനം മുതലുള്ള രേഖകൾ സമർപ്പിക്കാൻ കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പിന് കോടതി നിർദേശം നൽകി.
10 ദിവസത്തിനകം ഫയലുകൾ ഹാജരാക്കാനാണ് ഉത്തരവ്. വി സി വെങ്കടേശ്വർലുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി.
നിയമനം നടന്നത് യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട പരാതി. പരാതി വിശദമായി പരിശോധിച്ച ശേഷമാണ് വിജ്ഞാപനം മുതലുള്ള രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്.
യുജിസി നിർദേശിക്കുന്ന പ്രകാരം 10 വർഷത്തെ പ്രവൃത്തി പരിചയം, അഞ്ച് വർഷത്തെ ഗവേഷണപരിചയം എന്നിവയുൾപ്പടെ പാലിച്ചാണോ വിസി നിയമനം എന്നത് കോടതി അന്വേഷിക്കും.
ഹർജി ഈ മാസം 20ന് കോടതി വീണ്ടും പരിഗണിക്കും.