ദുബായ്: ഓസ്ട്രേലിയയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിനിടെ അംപയർമാരുടെ അനുവാദമില്ലാതെ കൈവിരലിൽ മരുന്ന് പുരട്ടിയ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയ്ക്ക് ഐസിസി പിഴശിക്ഷ വിധിച്ചു. മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിന് ഐസിസി വിധിച്ച ശിക്ഷ.
മത്സരത്തിന്റെ ആദ്യ ദിവസമായിരുന്നു വിവാദ സംഭവം. സഹതാരം മുഹമ്മദ് സിറാജിന്റെ കൈപ്പത്തിയിൽ നിന്ന് എന്തോ ഒരു ക്രീം എടുത്ത് ഇടത് കയ്യിലെ വിലരിൽ ജഡേജ പുരട്ടുന്നുണ്ട്. ഇക്കാര്യം ടെലിവിഷൻ റിപ്ലേകളിൽ വ്യക്തമാകുകയും ചെയ്തു. ആദ്യ കാഴ്ചയിൽ ജഡേജ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായില്ലെങ്കിലും ടി.വി റിപ്ലേകളിലും സമൂഹമാധ്യമങ്ങളിലും ദൃശ്യങ്ങൾ വന്നതോടെ ജഡേജ പന്തിൽ കൃത്രിമം കാണിച്ചെന്ന രീതിയിലാണ് പ്രചരിച്ചത്.
പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റ് വിശദീകരണവുമായി രംഗത്ത് എത്തി. ഇടത് കയ്യിലെ ചൂണ്ടുവിരലിനുണ്ടായ വീക്കത്തെ തുടർന്നാണ് ജഡേജ ക്രീം പുരട്ടിയതെന്നാണ് മാനേജ്മെന്റ് വിശദീകരിച്ചത്. ഫീൽഡ് അമ്പയറുടെ അനുവാദം തേടിയിരുന്നില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. അംപയർമാരുടെ അനുവാദമില്ലാതെ ഈ നീക്കം നടത്തിയതിന് ഐസിസി ചട്ടങ്ങളിലെ ആർട്ടിക്കിൾ 2.20 പ്രകാരമാണ് താരത്തിന് പിഴ ചുമത്തിയത്.
ആർട്ടിക്കിൾ 41.3 പ്രകാരമുള്ള അൺഫെയർ പ്ലേ (പന്തിൽ കൃത്രിമത്വം വരുത്തുന്ന നീക്കങ്ങൾ) ജഡേജ നടത്തിയിട്ടില്ലെന്നും ഐസിസി അറിയിച്ചു.
സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ്യോഗികമായി പരാതി ഉന്നയിച്ചിരുന്നില്ല. ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ഇന്നിങ്സിനും 132 റൺസിനും വിജയിച്ചപ്പോൾ കളിയിലെ താരമായത് ജഡേജയാണ്.
ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിൽ 47 റൺസ് മാത്രം വഴങ്ങി താരം അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. പിന്നീട് ബാറ്റിങ്ങിലും ജഡേജ തിളങ്ങി. 185 പന്തുകൾ നേരിട്ട താരം ആദ്യ ഇന്നിങ്സിൽ 70 റൺസെടുത്തു. രണ്ടാം ഇന്നിങ്സിൽ 34 റൺസ് വിട്ടുകൊടുത്ത് ഓസ്ട്രേലിയയുടെ രണ്ടു വിക്കറ്റുകളും ജഡേജ സ്വന്തമാക്കി.