ന്യൂഡൽഹി: കോണ്‍ഗ്രസ് എംപി രജനി പാട്ടീലിനെ രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി ട്വിറ്ററിൽ പങ്കുവച്ചതിനാണു നടപടി. രാജ്യസഭാ ചെയര്‍മാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധന്‍ഖര്‍ എംപിയെ സസ്പെന്‍ഡ് ചെയ്തത്. ബജറ്റ് സമ്മേളനത്തിൽ ബാക്കിയുള്ള ദിവസങ്ങളിലേക്കാണു സസ്പെൻഷൻ.
പ്രിവിലേജസ് കമ്മിറ്റി ഇക്കാര്യം അന്വേഷിക്കുമെന്നും കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ പാട്ടീലിനെ സസ്പെന്‍ഡ് ചെയ്യുമെന്നും പാര്‍ലമെന്റിന്റെ സവിശേഷത നിലനിര്‍ത്തേണ്ടതിനാല്‍ ഈ വിഷയം ഒരു ബാഹ്യ ഏജന്‍സിക്കും കൈമാറില്ലെന്നും ധന്‍ഖര്‍ പറഞ്ഞു.
ഗൗതം അദാനിയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ചും ലോക്സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെല്ലാം സഭാ രേഖകളിൽനിന്ന് സ്പീക്കർ ഓം ബിർല നീക്കിയിരുന്നു. രാജ്യസഭയിലെ പ്രസംഗത്തിൽ മോദിയെ ‘മൗനി ബാബ’ എന്നു വിശേഷിപ്പിച്ചതടക്കം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ നടത്തിയ 6 പരാമർശങ്ങൾ സഭാധ്യക്ഷൻ ജഗ്ദീപ് ധൻകറും രേഖകളിൽനിന്നു നീക്കി.