കൊച്ചി: ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടിക്കോളൂ എന്ന് കെ.എസ്.ആര്.ടി.സി.യോട് ഹൈക്കോടതി. കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. വരുമാനം വര്‍ധിപ്പിക്കാനുള്ള മാനേജ്മെന്റിന്റെ ഒരു നടപടിയും സ്റ്റേ ചെയ്യില്ലെന്നും കോടതി വ്യക്തമാക്കി.
ജീവനക്കാര്‍ക്ക് എന്ന് ശമ്പളം നല്‍കുമെന്ന കോടതിയുടെ ചോദ്യത്തിനു ബുധനാഴ്ചക്കകം ശമ്പളം നല്‍കാമെന്ന് കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് കോടതിയെ അറിയിച്ചു.
ലക്ഷക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ കെ.എസ്.ആര്.ടി.സി അടച്ചുപൂട്ടിയാല്‍ വളരെ ദോഷകരമായി ബാധിക്കുമെന്ന് മാനേജ്മെന്റ്
മറുപടി നല്കി. കെ.എസ്.ആര്.ടി.സി. അടച്ചുപൂട്ടിയാല്‍ യാത്രക്കാര്‍ മറ്റു വഴികള്‍ നോക്കിക്കൊള്ളുമെന്ന് കോടതിയും പ്രതികരിച്ചു. ശമ്പളം വിതരണം ചെയ്യുന്നത് നീട്ടിക്കൊണ്ടുപോവുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
കെ.എസ്.ആര്.ടി.സിയില്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഫെബ്രുവരി 10 ആയിട്ടും നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കണമെന്ന നിര്‍ദേശം കോടതി മുന്നോട്ടുവെച്ചത്.