ന്യൂഡല്‍ഹി: പ്രണയദിനമായ ഫെബ്രുവരി 14-ന് പശുവിനെ ആലിംഗനം ചെയ്യണം എന്ന വിവാദ ഉത്തരവ് പിന്‍വലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിന്‍വലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യര്‍ത്ഥന വലിയ വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്മാറ്റം.
ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് ആറിന് പുറപ്പെടുവിച്ച ആഹ്വാനം പിൻവലിക്കുകയാണെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി എസ് കെ ദത്ത പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. എന്നാല്‍ എന്ത് കാരണത്താലാണ് നേരത്തേ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്നതെന്ന് മൃഗ ക്ഷേമ ബോര്‍ഡ് സെക്രട്ടറി എസ്.കെ. ദത്ത വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നില്ല.
പശുക്കളെ കെട്ടിപ്പിടിച്ച് പ്രണയദിനം ആചരിക്കണമെന്ന നിർദേശം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിദേശ മാധ്യമങ്ങൾ ഇത് കാര്യമായി റിപ്പോർട്ട് ചെയ്യുകയും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചർച്ചയാവുകയും ചെയ്തു. പിന്നാലെയാണ് തീരുമാനം പിൻവലിക്കാൻ കേന്ദ്രം അടിയന്തര നിർദേശം നൽകിയത്.
പശു ഇന്ത്യന്‍ സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൗ ഹഗ് ഡേ ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാനുള്ള ആഹ്വാനമെന്ന് മൃഗ ക്ഷേമ ബോര്‍ഡ് വിശദീകരിച്ചിരുന്നു.