പാലക്കാട് : പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. ഡോ.കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി.നല്ലേപ്പുള്ളി സ്വദേശി അനിതയുടെ പ്രസവ ശസ്ത്രക്രിയയിൽ ഇരുവർക്കും അനാസ്ഥയും അശ്രദ്ധയും ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.ഇന്നലെയാണ് അനിത തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇന്ന് പൊലീസ് ഡോക്ടർമാരുടെ വിശദമൊഴി എടുത്തേക്കും.
കഴിഞ്ഞ ആറാം തീയതിയായിരുന്നു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്നലെ സിസേറിയൻ നടത്തിയപ്പോൾ രക്തസ്രാവം കൂടിയതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാവിലെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഉച്ചയോടെ അനിതയും മരിച്ചു. കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. അവിടെ എത്തുന്നതിന് മുൻപ് കുഞ്ഞും മരിക്കുകയായിരുന്നു. ചിറ്റൂർ താലൂക്ക് ആശുപത്രി അധികൃതരുടെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
സ്കാനിങ്ങിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അനിതയുടെ ബന്ധുക്കൾ പറയുന്നത്. എന്നാൽ അമിത രക്തസ്രാവമാണ് അനിതയുടെ ആരോഗ്യത്തെ ബാധിച്ചതെന്നാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ അപ്പുകുട്ടൻ പറഞ്ഞു. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടർക്കെതിരെ കേസെടുത്തത്.