നാഗ്പൂർ: ടെസ്റ്റ് ക്രിക്കറ്റിൽ പുത്തൻ റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 450 വിക്കറ്റ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിനിടെ അശ്വിൻ സ്വന്തമാക്കിയത്. മത്സരത്തിൽ അലക്സ് ക്യാരിയെ പുറത്താക്കിയതോടെയാണ് അശ്വിൻ പുതിയ നേട്ടം സ്വന്തം പേരിൽ എഴുതിച്ചേർത്തത്.
വെറും 89 മത്സരങ്ങളിൽ നിന്നാണ് അശ്വിൻ 450 വിക്കറ്റുകൾ വീഴ്ത്തിയത്. 80 മത്സരങ്ങളിൽ നിന്ന് 450 വിക്കറ്റുകൾ സ്വന്തമാക്കിയ ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഈ നേട്ടത്തിൽ അശ്വിന് മുന്നിലുള്ള ഏക താരം. കൂടാതെ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയ്ക്ക് ശേഷം ടെസ്റ്റിൽ 450 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡും അശ്വിൻ സ്വന്തമാക്കി.
അതേസമയം ടെസ്റ്റ് ക്രിക്കറ്റിലെ ആകെ വിക്കറ്റ് നേട്ടത്തിന്റെ കാര്യത്തില്‍ അശ്വിന് ഒന്‍പതാം സ്ഥാനത്താണ്. ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണ്‍ ആണ് അശ്വിന് തൊട്ടുമുന്പില്. ഇന്ത്യയുടെ മുന്‍ സ്പിന്‍ മാന്ത്രികന് 619 വിക്കറ്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്. എക്കാലത്തും ബാറ്റര്‍മാരുടെ പേടിസ്വപ്നമായിരുന്ന ശ്രീലങ്കയുടെ സ്പിന്‍ ചക്രവര്‍ത്തി മുത്തയ്യ മുരളീധരന് ആണ് ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകളുമായി പട്ടികയില്‍ മുന്നില്‍. 133 ടെസ്റ്റുകളില്‍ നിന്നായി 800 വിക്കറ്റുകളാണ് മുത്തയ്യ മുരളീധരന്റെ പേരിലുള്ളത്. ഏകദിന ക്രിക്കറ്റിലും മുത്തയ്യ മുരളീധരന്റെ പേരിലാണ് ഏറ്റവുമധികം വിക്കറ്റ്. 350 മത്സരങ്ങളില്‍ നിന്നായി 534 വിക്കറ്റുകളാണ് മുരളി കറക്കി വീഴ്ത്തിയത്.