ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് അടക്കമുള്ള കമ്പനികള്‍ക്കെതിരായ മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സെബിക്ക് മുമ്പില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്ത്, ആരോപണങ്ങള്‍ സ്ഥിരീകരിക്കാതെ വാര്‍ത്ത പ്രസിദ്ധീകരിക്കരുതെന്നാണ് ആവശ്യം.
ഹിന്‍ഡന്‍ബെര്‍ഗ് സ്ഥാപകന്‍ നഥാന്‍ ആന്ഡേഴ്സണിനെതിരായി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍. ശര്‍മ്മ നല്കിയ ഹര്‍ജിയുടെ അനുബന്ധമായാണ് പുതിയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ആന്ഡേഴ്സണ് ഉള്‍പ്പെടെ ആരും അദാനിക്കെതിരായി സെബിക്ക് മുന്നില്‍ ഇതുവരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍, മാധ്യമങ്ങള്‍ നല്കുന്ന അമിതപ്രധാന്യം കണക്കിലെടുത്ത് ഷോര്‍ട്ട് സെല്ലര്‍മാര്‍ തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി ഉന്നയിക്കുകയാണ്. ഇത് ഇന്ത്യന്‍ വിപണിയെ മോശമായി ബാധിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
‘മാധ്യമങ്ങള്‍ നല്കിയ അമിതപ്രധാന്യം ഇന്ത്യന്‍ ഓഹരി വിപണിയെ 50%ത്തിലേറെ തകര്‍ച്ചയിലേക്ക് നയിച്ചു. മാധ്യമങ്ങളിലെ തുടര്‍ച്ചയായ ആരോപണങ്ങളും പ്രസ്താവനകളും നിക്ഷേപകരില്‍ പരിഭ്രാന്തിയുണ്ടാക്കുന്നു. ഇതേത്തുടര്‍ന്ന് നിക്ഷേപകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാവുന്നു. സാധാരണ നിക്ഷേപകര്‍ കശാപ്പ് ചെയ്യപ്പെടുകയാണ്. നീതി കണക്കിലെടുത്ത് ഇത് അവസാനിപ്പിക്കണം. ഇത്തരം ആരോപണങ്ങള്‍ ആപത്കരമാണെന്നും അവ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങളെ ഒരിക്കലും അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.