അങ്കാറ: തുർക്കിയിൽ ഭൂകമ്പ പരമ്പരകളുടെ പശ്ചാത്തലത്തിൽ ദുരന്ത ബാധിത പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭൂകമ്പം നാശം വിതച്ച പത്ത് പ്രവിശ്യകളിലാണ് മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
രക്ഷാപ്രവർത്തനം എളുപ്പമാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉർദുഗാൻ പറഞ്ഞു. ‘രക്ഷാപ്രവർത്തന- വീണ്ടെടുക്കൽ ജോലികൾ വേഗത്തിൽ നടപ്പിലാക്കാനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു’- ഉർദുഗാൻ പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തകരെ ഉൾപ്പെടുത്തിയും സാമ്പത്തിക സഹായം ഉപയോഗിച്ചും ദുരിതബാധിത പ്രദേശങ്ങളിൽ വെള്ളം എത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ലോകത്തെയാകെ നടുക്കിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. ദുരന്തം രണ്ട് കോടി മുപ്പത് ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്.
ദുരന്തം രണ്ട് കോടി മുപ്പത് ലക്ഷം പേരെ ബാധിക്കുമെന്നും മുന്നറിയിപ്പ്. 8000 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി തുർക്കി വ്യക്തമാക്കി. വീടും താമസസ്ഥലവും നഷ്ടമായവരുടെ പുനരധിവാസവും പരിക്കേറ്റവരുടെ ചികിത്സയും പ്രതിസന്ധി കൂട്ടുന്നു. ദുരന്ത മേഖലയിൽ 50000 ടെന്റുകളും ഒരു ലക്ഷം കിടക്കകളും ഒരുക്കിയതായി തുർക്കി അറിയിച്ചു. തുടർ പ്രകമ്പന സാധ്യതയുള്ള മേഖലകൾ കണ്ടെത്താൻ മറ്റ് രാജ്യങ്ങളുടെ അടക്കം സാറ്റലൈറ്റ് നിരീക്ഷണ റിപ്പോർട്ടുകൾ കൈമാറുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.