ന്യൂഡല്‍ഹി: നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ അഭിഭാഷക എല്‍സി വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ആക്ടിങ് ചീഫ് ജസ്റ്റിസ് ടി രാജയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
വിക്ടോറിയ ഗൗരിക്ക് പുറമെ, പികെ ബാലാജി, കെ കെ രാമകൃഷ്ണന്, രാമചന്ദ്രന് കലൈമതി, കെ ഗോവിന്ദരാജന്‍ തിലകവാടി എന്നിവരും മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റു.
അതേസമയം, ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തില്‍ അകപ്പെട്ടിട്ടുള്ള വ്യക്തിയാണ് വിക്ടോറിയ ഗൗരി. മുന്‍ ബിജെപി നേതാവായ ഗൗരിയുടെ നിയമനത്തിന് കേന്ദ്രം അനുമതി നല്‍കിയതോടെ വിവിധ തലങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. ഗൗരിയെ ജഡ്ജിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിയ്ക്കും അടക്കം പരാതി ലഭിച്ചിരുന്നു.