തിരുവനന്തപുരം: എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഗണേഷ് കുമാറിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വാർത്ത വരും വിധത്തിൽ ആകരുത് വിമർശനങ്ങൾ, പത്തനാപുരത്ത് വികസനം നടക്കുന്നത് സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. പത്തനാപുരത്ത് അനുവദിച്ച പദ്ധതികളും മുഖ്യമന്ത്രി വായിച്ചു. ഗണേഷ് കുമാർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
നേരത്തെ, നിയമസഭാസമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി നടന്ന എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ ഗണേഷ് കുമാർ പത്താനുപുരത്ത് വികസനമെത്തുന്നില്ലെന്ന് പരാതി ഉന്നയിച്ചിരുന്നു. ഭരണപക്ഷ എംഎൽഎമാരെപ്പോലും സർക്കാർ അവഗണിക്കുകയാണെന്നായിരുന്നു ഗണേഷ് തുറന്നടിച്ചത്. .തുറന്നുപറയുന്നതിന്റെ പേരിൽ നടപടി എടുക്കാനാണെങ്കിൽ അതു ചെയ്തോളൂ എന്ന വെല്ലുവിളിയുമായി ഗണേഷ് വേദി വിടുകയും ചെയ്തു.
‘‘കഴിഞ്ഞ ബജറ്റിൽ ഓരോ എംഎൽഎയ്ക്കും 20 പ്രവൃത്തിവീതം തരാമെന്നുപറഞ്ഞ് എഴുതിവാങ്ങി. ഒറ്റയെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ സ്ഥിതിതന്നെ ഇതാണ്. കിഫ്ബിയാണ് എല്ലാറ്റിനും പോംവഴി എന്നാണു പറയുന്നത്. ഇപ്പോൾ കിഫ്ബി എഴുതിക്കൊടുക്കേണ്ടന്നാണു പുതിയ നിർദേശം. കിഫ്ബിയുടെ പേരിൽ ഫ്ലെക്സുകൾ വച്ചു എന്നല്ലാതെ അതൊന്നും നടക്കുന്നില്ല. അതിന്റെ പഴിയും എംഎൽഎമാർക്കാണ്’’ – രോഷത്തോടെ ഗണേഷ് പറഞ്ഞു. മുഖ്യമന്ത്രി യോഗത്തിൽ ഉണ്ടായിരുന്നില്ല.