ഡല്‍ഹി: സ്വവർഗാനുരാഗിയായ പെൺകുട്ടിയെ കൗൺസിലിംഗിന് അയക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. പെൺകുട്ടിയെ കുടുംബ കോടതിയിൽ ഹാജരാക്കണം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജീവിത പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി സ്വവർഗാനുരാഗിയായ പെൺകുട്ടിയാണ് ഹേബിയസ് കോര്‍പസ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
പുന്നത്തല സ്വദേശിനിയായ യുവതിയുമായി സ്നേഹത്തിലാണെന്നും തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായും ചൂണ്ടിക്കാട്ടിയാണ് മങ്കാട് സ്വദേശിനിയുടെ ഹര്‍ജി. എന്നാല്‍ പുന്നത്തല സ്വദേശിനി നിലവില്‍ മാതാപിതാക്കളുടെ അന്യായതടങ്കലില്‍ ആണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
യുവതിയെ കൊല്ലത്തെ കുടുംബ കോടതിയില്‍ ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കുടുംബ കോടതിയില്‍ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് സുപ്രീംകോടതി ഇ- കമ്മിറ്റി അംഗമായ സലീന വി.ജി. നായര്‍ മേല്‍നോട്ടം വഹിക്കും. കേരളത്തിലെ മിടുക്കിയായ ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ ഒരാളായതിനാലാണ് സലീനയെ ഈ ചുമതല ഏല്‍പ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. സലീനയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും ബെഞ്ച് വ്യക്തമാക്കി.
പെണ്‍കുട്ടി വീട്ടുതടങ്കലില്‍ അല്ലെന്ന് ദൃശ്യം കാണിച്ച് കുടുംബം വാദിച്ചു. എന്നാല്‍ ദൃശ്യം ഭീഷണിപ്പെടുത്തിയാണ് ചിത്രീകരിച്ചതെന്നായിരുന്നു പങ്കാളിയുടെ വാദം. തന്റെ കൂടെ ജീവിക്കാനാണ് പെണ്‍കുട്ടിക്ക് താത്പര്യമെന്ന് തെളിയിക്കാന്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പങ്കാളി ഹാജരാക്കുകയും ചെയ്തു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് പെണ്‍കുട്ടിയെ കുടുംബ കോടതിയിൽ ഹാജരാക്കി മൊഴിയെടുക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്. ഫെബ്രുവരി 17ന് സുപ്രിംകോടതി വീണ്ടും കേസ് പരിഗണിക്കും.