ഇസ്ലാമബാദ്: ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ പ്രദർശന മത്സരത്തിനിടെ സ്റ്റേഡിയത്തിന് കിലോമീറ്ററുകൾ അകലെ സ്ഫോടനം. ഞായറാഴ്ച ക്വെറ്റയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർക്കു പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ക്വെറ്റയിലെ നവാബ് അക്തര്‍ ഭക്തി സ്റ്റേഡിയത്തിലാണ് പിഎസ്എല്ലിന്റെ ഭാഗമായ മത്സരം നടന്നത്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ്- പെഷവാര്‍ സാല്‍മി എന്നിവര്‍ തമ്മിലായിരുന്നു മത്സരം. സ്ഫോടനത്തെ തുടര്‍ന്ന് പ്രദര്‍ശനമത്സരം നിര്‍ത്തിവെക്കുകയും താരങ്ങളെ ഡ്രസിംഗ് റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
അനുമതി ലഭിച്ചതിന് പിന്നാലെയാണ് മത്സരം പുനരാരംഭിച്ചത്. സ്ഫോടനത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയിലാണ് മത്സരം നിര്‍ത്തിവച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാക്കിസ്ഥാന് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം, മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി, വഹാബ് റിയാസ്, ഇഫ്തിഖര്‍ അഹമ്മദ്, ഉമര്‍ അക്മല്‍ തുടങ്ങിയ പ്രമുഖരെല്ലാം പ്രദര്‍ശന മത്സരത്തിന്റെ ഭാഗമായിരുന്നു.
അതേസമയം കൂടുതൽ ആളുകൾ സ്റ്റേഡിയത്തിലേക്കു തള്ളിക്കയറിയതിനാലാണ് കളി നിർത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. ക്വെറ്റ ഗ്ലാഡിയേറ്റഴ്സും പെഷവാർ സൽമിയും തമ്മിലായിരുന്നു പ്രദർശന മത്സരം നടത്തിയത്.