ബെയ്ജിങ്: ചൈനീസ് ‘ചാരബലൂൺ’ വെടിവച്ചിട്ട യു.എസ് നടപടിക്ക് മുന്നറിയിപ്പ്. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ചൈന തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് സംഭവത്തിൽ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമാണ് യു.എസ് വ്യോമാതിർത്തിയിൽ ചാരവൃത്തിക്കെന്ന് സംശയിക്കപ്പെടുന്ന ബലൂൺ കണ്ടെത്തിയത്. തുടർന്ന് പ്രസിഡന്റ് ജോ ബൈഡന്റെ അനുമതിയോടെ സൈന്യം ബലൂൺ വെടിവച്ചിടുകയായിരുന്നു. സൗത്ത് കരോലിന തീരത്തുവച്ചാണ് നടപടി.
ആണവ മിസൈൽ കേന്ദ്രങ്ങളുള്ള തന്ത്രപ്രധാന യുഎസ് സംസ്ഥാനമായ മോണ്ടാനയിലാണ് ബലൂൺ പ്രത്യക്ഷപ്പെട്ടത്. ജനവാസമേഖലയിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ വെടിവച്ചു താഴെയിട്ടാൽ അവശിഷ്ടങ്ങൾ പതിച്ച് അപകടമുണ്ടായേക്കുമെന്നതിനാൽ ബലൂൺ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെത്തിയപ്പോഴാണ് വെടിവച്ചു വീഴ്ത്തിയത്. വെടിവച്ചു വീഴ്ത്താൻ പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിനു പിന്നാലെ അറ്റ്ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് റദ്ദാക്കിയിരുന്നു.
കടലിൽ വീണ ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കാനാണ് യുഎസ് പ്രതിരോധവകുപ്പിന്റെ തീരുമാനം. എഫ്–22 വിമാനത്തിൽനിന്ന് മിസൈൽ വർഷിച്ചാണ് ബലൂൺ നശിപ്പിച്ചതെന്നും സമുദ്രത്തിൽ ഏകദേശം 47 അടി മാത്രം ആഴത്തിലാണ് ഇതു വീണതെന്നും യുഎസ് പ്രതിരോധ വകുപ്പായ പെന്റഗൺ അറിയിച്ചു. ആലോചിച്ചെടുത്ത തീരുമാന പ്രകാരം നിയമാനുസൃതമാണ് ഓപ്പറേഷൻ നടത്തിയതെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി.
ചാരബലൂണിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഉറപ്പുനല്‍കിയ പ്രസിഡന്റ് ജോ ബൈഡന് ബലൂണ്‍ തകര്‍ത്ത ഫൈറ്റര്‍ പൈലറ്റുമാരെ അഭിനന്ദിക്കുകയും ചെയ്തു.
എന്നാൽ, രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് യുഎസ് നടപടിയെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നയപരമായ നടപടികൾ സ്വീകരിക്കുന്നതിനു പകരം യുഎസ് നടത്തിയ ബലപ്രയോഗത്തിനെതിരെ അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തുന്നതായും അവർ വ്യക്തമാക്കി. നിയമാനുസൃതമായ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുകയും അനിവാര്യമായ പ്രതികരണം നടത്തുകയും ചെയ്യുമെന്ന് ചൈന പ്രസ്താവനയിൽ പ്രതികരിച്ചു.
സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ ചൈനയിലേക്ക് സന്ദര്ശനത്തിനൊരുങ്ങവേയായിരുന്നു ചാരബലൂണിന്റെ പ്രത്യക്ഷപ്പെടല്‍. യുഎസ്-ചൈന ബന്ധം അത്ര സുഖകരമല്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ കുറയ്ക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനുവേണ്ടിയായിരുന്നു ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനവും നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ചാരബലൂണ്‍ സൃഷ്ടിച്ച ദുരൂഹതയെത്തുടര്‍ന്ന് ബ്ലിങ്കന്റെ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.