ഇടുക്കി: കൂടത്തായി കൊലപാതക പരമ്പര കേസിലെ ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് കെ ജി സൈമണ്‍. കാലപ്പഴക്കം കൊണ്ട് മരണകാരണത്തില്‍ വ്യക്തത കിട്ടണമെന്നില്ല. സംസ്ഥാനത്തെ ഫൊറൻസിക്ക് ലാബിൽ പരിശോധിച്ചപ്പോഴും 4 മൃതദേഹങ്ങളിൽ നിന്ന് വിഷത്തിന്റെയോ സൈനൈഡിന്റെയോ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നതാണത്.
തുടര്‍ന്ന് നാല് പേരുടെയും മരണം സംബന്ധിച്ച് പരിശോധിക്കാൻ ഡോക്ടറുമാരുടെ പാനൽ തയ്യാറാക്കുകയും അവരുടെ റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധ ഫലം കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേയ്ക്ക് അയച്ചതെന്നും കെ ജി സൈമൺ പറഞ്ഞു.
‘പരിശോധനയ്ക്കായി രണ്ടാമത് കൊടുത്തത് സെന്‍ട്രല്‍ ലാബിലേക്കാണ്. അതിന് മുന്‍പ് കേരളത്തില്‍ പരിശോധിച്ചപ്പോള്‍ നാലെണ്ണത്തിന്റെ ഫലം കിട്ടിയിരുന്നില്ല. ഇത്രയും പഴക്കം ഉണ്ടാകുമ്പോള്‍ ഫലം കിട്ടില്ല. ഒരു മരണം ഉണ്ടായിക്കഴിഞ്ഞാല്‍ എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് ഒരു സംഘം ഡോക്ടര്‍മാരെ വെച്ച് പഠനം നടത്തും. അങ്ങനെ പഠനം നടത്തിയ സംഘത്തിന്റെ ഒപ്പീനിയന് ലഭിച്ചിട്ടുണ്ട്. ആ ഫയലുണ്ട്. എങ്ങനെയാണ് മരിച്ചത് എന്നതടക്കം അതില്‍ പറയുന്നുണ്ട്. ഇതിനുശേഷമാണ് കേസ് ചാര്‍ജ് ചെയ്യുന്നത്. മരണത്തെക്കുറിച്ച് കൃത്യമായ അവലോകനം നടത്തി ഡോക്ടര്‍മാരുടെ സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഒരു സെക്കന്റ് ഒപ്പീനിയനായാണ് സെന്‍ട്രല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്’- അദ്ദേഹം പറഞ്ഞു.
ആറുപേര്‍ കൊല്ലപ്പെട്ട കൂടത്തായി കൊലപാതക പരമ്പരയില്‍ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ വിഷാംശമോ കണ്ടെത്താനായില്ലെന്നായിരുന്നു ദേശീയ ഫൊറന്‍സിക് ലബോറട്ടറിയുടെ റിപ്പോര്‍ട്ട്. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്ഫൈന് എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ദേശീയ ഫൊറന്‍സിക് ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നത്. റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹങ്ങളില്‍ സയനൈഡിന്റെ അംശം നേരത്തെ കണ്ടെത്തിയിരുന്നു.