കോഴിക്കോട് : കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ പുതിയ വഴിത്തിരിവ്. നാല് മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ വിഷാംശമോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്.
കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യൂ, ആല്ഫൈന് എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പുറത്തെടുത്ത് പരിശോധന നടത്തിയത്.
അതേസമയം, കൊല്ലപ്പെട്ട റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹത്തില്‍ മുന്‍പ് സയനൈഡ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറു പേര് സമാന സാഹചര്യത്തില്‍ മരണപ്പെടുന്നത്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകന് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന് എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകള്‍ ആല്ഫൈന് (2), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്.
അതേസമയം, തുടര്‍ച്ചയായ മരണങ്ങളില്‍ സംശയം തോന്നിയ ജോളിയുടെ ഭര്‍ത്താവിന്റെ സഹോദരന് ക്രൈംബ്രാഞ്ചിന് നല്കിയ പരാതിയാണ് അന്വേഷണത്തിലേക്ക് നയിച്ചത്. ഇതോടെ കുഴിച്ച് മൂടിയ മൃതദേഹങ്ങള്‍ ഓരോന്നും പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടവരുടെ മരണ കാരണം ഉള്ളില്‍ വിഷം ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. അന്വേഷണത്തിനൊടുവില്‍ പൊലീസ് ജോളിയില്‍ എത്തുകയായിരുന്നു. 2019 ഒക്ടോബര്‍ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്.