കൊച്ചി : ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ക്യാന്‍സര്‍ അതിജീവിതരോടും രോഗികളോടുമൊപ്പം കൂട്ടായ്മ സംഘടിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. ക്യാന്‍സര്‍ അതിജീവിതര്‍ ആശുപത്രിയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ ക്യാന്‍സര്‍ രോഗികളുമായി തങ്ങളുടെ പുതുജന്മത്തിന്റെ അനുഭവങ്ങള്‍ പങ്കുവച്ചു.
ക്യാന്‍സറിനെ അതിജീവിച്ചവര്‍ കീമോതെറാപ്പി ചികിത്സയിലുള്ളവര്‍ക്ക് ധൈര്യവും പ്രചോദനവും നല്‍കിയത് രോഗികള്‍ക്ക് പുത്തനുണര്‍വ്വായി. ക്യാന്‍സര്‍ രോഗികള്‍ക്ക് അവരുടെ ചികിത്സാ സംശയങ്ങളും ആശങ്കകളും അതിജീവിച്ചവരുമായി പങ്കുവെക്കാനും കൂട്ടായ്മ അവസരമൊരുക്കി.
ക്യാന്‍സര്‍ രോഗികളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുക എന്ന ആശയത്തെ മുന്‍നിര്‍ത്തി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അശോക് കൊമരഞ്ചത്തിന്റെ നേതൃത്വത്തില്‍ ആശുപത്രി ജീവനക്കാര്‍ ബൈക്ക് റാലി സംഘടിപ്പിച്ചു
ആസ്റ്റര്‍ മെഡ്സിറ്റി സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജെം കളത്തില്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. മെഡിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അരുണ്‍ വാര്യര്‍ ക്യാന്‍സര്‍ ദിന സന്ദേശം നല്‍കി.
ഉച്ചയ്ക്കുശേഷം ആശുപത്രി ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ രോഗികളോടൊപ്പം ഹൗസ് ബോട്ട് സവാരിയും വിവിധ കലാപരിപാടികളും നടന്നു. ഇതോടൊപ്പം മാജിക് ഷോയും, ക്യാന്‍സറിനെ അതിജീവിച്ച കുട്ടികളുമായി ലുലു മാളിലെ ഫണ്‍ട്യൂറയില്‍ വിനോദപരിപാടികളും സംഘടിപ്പിച്ചിരുന്നു.