തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മേഴ്സിക്കുട്ടൻ ഉടൻ രാജിവെയ്ക്കും. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. വൈസ് പ്രസിഡന്റിനോടും ആറ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളോടും സ്ഥാനമൊഴിയൻ പാർട്ടി നിർദ്ദേശം നൽകി.
സ്പോര്‍ട്സ് കൗണ്‍സിലില്‍ കുറച്ചുനാളായി തുടരുന്ന ആഭ്യന്തര തര്‍ക്കങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ മേഴ്സിക്കുട്ടന്റെ രാജി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. തിങ്കളാഴ്ചയോടെ മേഴ്സിക്കുട്ടന്‍ സ്ഥാനം ഒഴിയുമെന്നാണ് വിവരം. മേഴ്സിക്കുട്ടന്റെ ഒഴിവില്‍ മുന്‍ അന്തര്‍ദേശീയ ഫുട്ബോള്‍ താരം ഷറഫലി കൗണ്‍സിലിന്റെ പുതിയ പ്രഡിഡന്റാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മെഴ്സിക്കുട്ടനെ മാറ്റാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയല്‍. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, അംഗങ്ങളായ ജോര്‍ജ് തോമസ്, ഐ.എം. വിജയന്, റഫീഖ്, ഒളിമ്പിക് അസോസിയേഷന് പ്രതിനിധികളായ വി. സുനില്‍കുമാര്‍, എസ്. രാജീവ്, എം.ആര്. രഞ്ജിത് എന്നിവരോടും സ്ഥാനമൊഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്.
കായിക താരങ്ങൾക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങൾ നൽകാതെ സർക്കാർ എന്തു ചെയ്യുകയാണെന്ന വിമർശനം മേഴ്സിക്കുട്ടൻ ഉന്നയിച്ചിരുന്നു. കായിക താരങ്ങൾക്ക് സാമ്പത്തിക സൗകര്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ മേഴ്സിക്കുട്ടൻ പരസ്യമായി രംഗത്തെത്തിയത് വിവാദമായിരുന്നു.